കംബോഡിയ – തായ്ലാൻഡ് യുദ്ധം മുറുകുന്നു; ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി എംബസി

തായ്ലൻഡ്-കംബോഡിയ അതിർത്തിയിൽ അക്രമങ്ങൾ ഇപ്പോൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏഴ് പ്രവിശ്യകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയാണ് തായ്ലൻഡിലെ ഇന്ത്യൻ എംബസി. മാസങ്ങളായി സംഘർഷം നിലനിൽക്കുന്ന തർക്ക പ്രദേശങ്ങളിൽ സായുധ ഏറ്റുമുട്ടലുകൾ അതീവ രൂക്ഷമായതിനെ തുടർന്നാണ് ഈ നിർദേശം. സ്ഥിതിഗതികൾ വളരെ വഷളായതായി തായ്ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായ ചായി മാധ്യമപ്രവർത്തകരോട് പറഞ്ഞ കൂട്ടത്തിൽ ഈ നിർദേശവും ഉണ്ടായിരുന്നു.
സുരിൻ, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിലായി 20 ലധികം സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തായ് അധികൃതർ നിർദ്ദേശിച്ചു. വ്യാഴാഴ്ച അതിർത്തിയിൽ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ കുട്ടികളും ഒരു സൈനികനും ഉൾപ്പെടുന്നു, 15 സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റു.
ആക്രമണങ്ങളെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. പോരാട്ടത്തിൽ വെടിവയ്പ്പ്, ഷെല്ലാക്രമണം, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ ഉണ്ടായി, തായ്ലൻഡ് കമ്പോഡിയൻ പ്രദേശത്ത് വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച, നാല് അതിർത്തി പ്രവിശ്യകളിലായി ഒന്നിലധികം ഇടപെടലുകൾ നടന്നതായി തായ് സൈന്യം റിപ്പോർട്ട് ചെയ്തു.
ഈ രാജ്യങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തിത്തർക്കം വഷളായതോടെയാണ് അത് സായുധ സംഘർഷത്തിൽ എത്തിയത്. സംഭവത്തെത്തുടർന്ന് കംബോഡിയൻ സ്ഥാനപതിയെ തായ്ലാൻഡ് പുറത്താക്കി. തങ്ങളുടെ സ്ഥാനപതിയെ പിൻവലിച്ചതിനൊപ്പം പൗരന്മാരോട് കംബോഡിയ വിടാൻ ആഹ്വാനംചെയ്തു. അതിർത്തികൾ അടച്ചു. നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കിയും ബാങ്കോക്കിലെ സ്ഥാനപതികാര്യാലയം ഒഴിപ്പിച്ചും കംബോഡിയയും മറുപടി നൽകി.
817 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് തായ്ലാൻഡും കംബോഡിയയും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ഉണ്ടായിരുന്നെങ്കിലും താ മൗൻ തോം, താ മുൻ തോം എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന മേഖലയെ ചുറ്റിപ്പറ്റി പ്രശ്നങ്ങളുണ്ടായിരുന്നു. അതിർത്തി സംഘർഷങ്ങളുടെ കേന്ദ്രമായ ടാ മുൻ തോം ക്ഷേത്രത്തിന് സമീപം ഇപ്പോൾ വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്.
വ്യാഴാഴ്ച നാല് സാധാരണക്കാർക്ക് പരിക്കേറ്റു. 4,000ത്തിലധികം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് പോകേണ്ടി വന്നു. നിരവധി കംബോഡിയൻ കുടുംബങ്ങൾ അതിർത്തിയിൽ നിന്ന് കാൽനടയായി മാറുന്നതായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. പലരും ട്രാക്ടറുകളിൽ തങ്ങളുടെ അത്യാവശ്യ സാധനങ്ങൾ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട് .
ദീർഘകാലമായി തുടർന്ന അതിർത്തി തർക്കം ദിവസങ്ങൾക്ക് മുൻപ് രൂക്ഷമാകുകയും അത് പിന്നീട് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും കടക്കുകയുമായിരുന്നു. മെയ് മാസത്തിൽ ഒരു കംബോഡിയൻ സൈനികൻ വെടിയേറ്റ് മരിച്ചതിനുശേഷമുള്ള രണ്ടാമത്തെ സായുധ ഏറ്റുമുട്ടലാണിത്. തായ് സൈനികർക്ക് പരിക്കേറ്റ, ലാൻഡ് മൈൻ സ്ഫോടനത്തെ ത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം താറുമാറായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.