തിരിച്ചടിക്കാൻ ഒരുങ്ങി ഹൂതികൾ

തങ്ങളുടെ പ്രധാനമന്ത്രിയുടെ കൊലപാതകത്തിൽ ഇസ്രായേലിനോട് പകരം വീട്ടുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് യമനിലെ ഹൂതി വിമതർ. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഹൂതിവിമതരുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് വിഡിയോ സന്ദേശത്തിലൂടെ ഹൂതി വിമതർ നൽകിയത്.
ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ മസാതാണ് മുന്നറിയിപ്പ് നൽകിയത്. ഞങ്ങൾ ദൈവത്തിനും യമനി ജനതക്കും ആക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഇസ്രായേലിനോട് പകരംവീട്ടുമെന്ന് ഉറപ്പ് നൽകുകയാണെന്ന് ആ വിഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഇസ്രായേൽ പ്രതിരോധമന്ത്രി കാറ്റ്സ് സ്ഥിരീകരിക്കുകയും ചെയ്തു. ഹൂതി നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ആക്രമണത്തിലൂടെ കഴിഞ്ഞുവെന്നും ഇസ്രായേൽ അവകാശപ്പെടുകയും ചെയ്തു.
ഹൂതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെ ഇസ്രായേൽ കടുപ്പിച്ചിരുന്നു. ചെങ്കടലിലും ഏദൻ കടലിടുക്കിലും കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേലിന്റെ ആക്രമണങ്ങൾ. ഫലസ്തീന് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ബുധനാഴ്ച ഇസ്രായേലിന്റെ ദക്ഷിണ മേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹൂതി ഗ്രൂപ്പിന്റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ഈ ആക്രമണത്തിലാണ് അവിടെ വിശ്രമിച്ചിരുന്ന പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.