ഡൊണാൾഡ് ട്രംപുമായി ചർച്ചക്ക് ഒരുങ്ങുന്ന സെലൻസ്കി; അതിന് മുന്നേ ഉക്രൈനിൽ താണ്ഡവമാടി റഷ്യൻ സൈന്യം
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി അമേരിക്കയിലേക്ക് തിരിക്കാനിരിക്കെ, തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യയുടെ വൻ സൈനിക ആക്രമണം. ശനിയാഴ്ച പുലർച്ചെ മുതൽ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ കീവിനെ വിറപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങളാണ് രേഖപ്പെടുത്തിയത്.
പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങിയതോടെ ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും മിസൈലുകൾ പതിച്ചു.ആക്രമണത്തെത്തുടർന്ന് കീവിലെ പല മേഖലകളിലും വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ ആക്രമണം. യുക്രെയിന് മേൽ സൈനികമായ സമ്മർദ്ദം ചെലുത്തി ചർച്ചകളിൽ മുൻതൂക്കം നേടാനാണ് പുടിന്റെ ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെ അട്ടിമറിക്കാൻ സെലെൻസ്കിയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതായി വെള്ളിയാഴ്ച റഷ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരിയെ ലക്ഷ്യമിട്ടുള്ള ഈ നീക്കം.
റഷ്യ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിനായി ഉപയോഗിക്കുമെന്ന് സൈനിക ടെലിഗ്രാം ചാനലുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ വ്യോമ പ്രതിരോധ സേന പ്രത്യാക്രമണം നടത്തുന്നതായും റൂയിറ്റേഴ്സ് വാർത്താ ഏജൻസിയുടെ ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
അതേസമയം,റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും.
ഫ്ലോറിഡയിലെ ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് ഡിസംബർ 28-ന് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഒരു യുക്രേനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്കി നേരത്തെ എക്സിലൂടെ സൂചിപ്പിച്ചിരുന്നു.
‘ഞങ്ങൾ ഒരു ദിവസം പോലും പാഴാക്കുന്നില്ല. പ്രസിഡന്റ് ട്രംപുമായി ഏറ്റവും ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് ഞങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. പുതുവർഷത്തിന് മുമ്പ് തന്നെ പല സുപ്രധാന തീരുമാനങ്ങളും എടുത്തേക്കാം,’ എന്നും സെലെൻസ്കി പറഞ്ഞിരുന്നു.
അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി വ്യാഴാഴ്ച നടത്തിയ വിജയകരമായ സംഭാഷണത്തിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രസ്താവന വന്നത്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സജീവമായി ഇടപെടുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.












