ഓഗസ്റ്റ് 26 ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 26 ന് വീണ്ടും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത് .
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 28 വരെയുള്ള തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്, വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത് . ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത് .