മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത; പശ്ചിമ ബംഗാളില്‍ നാശം വിതച്ച് റിമാല്‍ ചുഴലിക്കാറ്റ്
പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ വീശിയടിച്ച റിമാല്‍ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. മണിക്കൂറില്‍ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് റിമാല്‍ കര തൊട്ടത്.
ഇന്നലെ ഉച്ചയോടെ ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് രാത്രി 8.30ഓടെയാണ് പശ്ചിമബംഗാള്‍ തീരത്തെത്തിയത്. ബംഗ്ലാദേശിലെ സാഗർ ഐലൻഡിനും ബംഗാളിലെ ഖേപുപാറയ്ക്കും ഇടയിലൂടെയാണ് റിമാല്‍ കര തൊട്ടത്. കാറ്റിന്റെ പ്രഭാവം ബംഗ്ലാദേശിലെ മോഗ്ല മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി.
ഇന്ന് ഉച്ചയോടെ റിമാല്‍ ദുർബലമായി തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍, മേഘാലയ, അസം, ത്രിപുര, മിസോറം, നാഗാലാൻഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.