മണാലിയിൽ ആയിരത്തോളം വാഹനങ്ങൾ കുടുങ്ങി; വിനോദ സഞ്ചാരികൾ മണിക്കൂറുകളോളം വാഹനങ്ങളിൽ
രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ച. വിനോദ സഞ്ചാരികളുമായി എത്തിയ ആയിരത്തോളം വാഹനങ്ങൾ മഞ്ഞിൽ കുടുങ്ങി. ഒടുവിൽ അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
റോത്തഗിലെ അടൽ ടണലിനും സോളങ്കിനും ഇടയിലുള്ള പ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. അധികൃതർ നൽകുന്ന വിവരമനുസരിച്ച് ഏകദേശം ആയിരത്തോളം വാഹനങ്ങൾ ഇവിടെ നീണ്ട ഗതാഗത കുരുക്കിൽ അകപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാതെ വന്നതോടെ പൊലീസുകാർ രക്ഷാപ്രവർത്തനം തുടങ്ങി. എഴുന്നൂറോളം പേരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരെയും സഞ്ചാരികളെയും അവരുടെ വാഹനങ്ങളുമായി മുന്നോട്ട് നീങ്ങാൻ പൊലീസുകാർ സഹായിക്കുന്ന ദൃശ്യങ്ങളും പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രദേശിക അധികൃതരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി രംഗത്തുണ്ട്.