സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് ഏഴ് ജില്ലകളിൽ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മധ്യ- തെക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ സാധ്യതയുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്.
ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറൻ ശ്രീലങ്കൻ തീരം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.












