കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട്, ഗതാഗതകുരുക്ക്; നഗരമൊന്നാകെ വെള്ളത്തില്‍
മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി കൊച്ചി നഗരം. വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എംജി റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, അടക്കമുള്ള സ്ഥലങ്ങളിലാണ് നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.
മഴവെള്ളം ഒഴുകി പോകാന്‍ സാഹചര്യമില്ലാത്തതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മിക്ക റോഡുകളിലും വെള്ളക്കെട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടകളിലും വെള്ളം കയറി. കളമശ്ശേരി മൂലേപാടത്തെ ഒട്ടേറെ വീടുകലിലും വെള്ളം കയറിയിട്ടുണ്ട്.
കടവന്ത്ര ഗാന്ധി നഗറില്‍ വീടുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. വൈകീട്ട് നാല് മണിയോടെ തുടങ്ങിയ മഴയാണ് ഇപ്പോഴും തുടരുന്നത്. ഗതാഗത കുരുക്കും ഇതിനിടെ രൂക്ഷമായിരിക്കുകയാണ്. നേരത്തെ കൊച്ചി നഗരത്തില്‍ ഓപ്പറേഷന് ബ്രേക് ത്രൂ എന്ന പേരില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികള്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ല.
അതേസമയം മഴ കനത്തതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള അധിക വിമാന സര്‍വീസും നടത്താന്‍ സാധിച്ചില്ല. രാവിലെ അഗത്തിയിലേക്ക് സര്‍വീസ് നടത്തിയ തിരിച്ചുവന്ന വിമാനമാണ് വീണ്ടും അധിക സര്‍വീസിനായി ലക്ഷ്യമിട്ടിരുന്നത്. അധിക സര്‍വീസ് കനത്ത മഴയെ തുടര്‍ന്ന് നാളത്തേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.