ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; ഉത്തരവിറക്കി പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീലങ്കയിൽ പ്രസിഡന്റ് രാജ്യംവിടുകയും രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെയാണ് രാജ്യംവിട്ടത്. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും കടന്നത് എന്നാണ് വിവരം. ഇന്നലെ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. ഗോതാബയയുടെ രാജി ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജപക്സെ രാജ്യംവിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം ഉടന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് റെനിൽ വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
Content Highlight: Sri Lank, Srilankan Crisis, Emergency Imposed, Gotabaya Rajapaksa, Ranil Wickremesinghe