പ്രതിഷേധം, അക്രമം; പിന്നാലെ രാജിയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതേ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്. രാജ്യ തലസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ അനുകൂലികളും പ്രതിഷേധകാരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കലാപത്തിന്റെ വക്കോളം എത്തിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു രാജി.
സ്ഥിതിഗതികള്‍ രൂക്ഷമാകുകയും പ്രതിഷേധം കനകുകയും ചെയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയ്യാഴ്ച്ച പ്രസിഡന്റ് ഗോട്ടബയ രജപക്സെ പ്രത്യേക മീറ്റിങ് വിളിച്ചുചേര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണം എന്ന് പ്രസിഡന്റ് ആവിശ്യപ്പെട്ടിരുന്നതായി ശ്രീലങ്കന്‍ ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി രാജിവച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിസഭാ രുപീകരണത്തിന് സാഹചര്യം അനുകൂലമായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ കൂടി രാജിവച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ അക്രമത്തെ പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്സെ തള്ളിപ്പറഞ്ഞിരുന്നു. ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിന് ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlight: Mahinda Rajapaksa steps down as Sri Lankan Prime Minister