കൊളംബോ തെരുവുകളില്‍ സൈനിക ടാങ്കുകള്‍; പ്രതിഷേധക്കാരെ വെടിവെയ്ക്കാന്‍ സൈന്യത്തിന് അധികാരം
ശ്രീലങ്കയിൽ ആഭ്യന്തര കലാപം തുടരുകയാണ്. പ്രധാനമന്ത്രി പദം രാജിവെച്ചതിന് പിന്നാലെ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവിക സേനാ ആസ്ഥാനത്ത് അഭയം തേടി. അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. കർഫ്യൂ ലംഘിച്ച് തെരുവിൽ തുടരുന്ന ആയിരണക്കണക്കിന് പ്രക്ഷോഭകർ സർക്കാർ സംവിധാനങ്ങൾ നശിപ്പിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി നടന്ന പ്രക്ഷോഭങ്ങളിൽ എട്ട് പേർ മരിച്ചു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു.
രജപക്സെ കുടുംബത്തിന്റെ തറവാട് വീടിന് സമരാനുകൂലികൾ കഴിഞ്ഞ ദിവസം തീവെച്ചിരുന്നു. അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ച മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായി മുൻ പ്രസിഡന്റ മൈത്രിപാല സിരിസേന രംഗത്തെത്തി. രാജ്യത്ത് സമാധാനം നിലനിർത്താൻ സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ ആഹ്വാനം ചെയ്തു.
സ്ഥിതിഗതികൾ ശാന്തമായി വരുമെന്ന് പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് കർഫ്യൂ നാളെവരെ നീട്ടി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സൈന്യത്തിനും പൊലീസിനും അമിതാധികാരം നൽകി സർക്കാർ ഉത്തരവിട്ടത് ആഗോളതലത്തില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതനുസരിച്ച് കലാപത്തിന് നേതൃത്വം നൽകുന്നവരെ നേരിട്ട് വെടിവെച്ചിടാൻ സൈന്യത്തിന് പ്രത്യേകം അധികാരം ലഭിച്ചു.
Content Highlight: Military given shoot-at-sight orders to curb unrest in Sri Lank.