ആഭ്യന്തരകലാപത്തീയിലെരിഞ്ഞ് ശ്രീലങ്ക; ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ഭരണപക്ഷ എം പി സ്വയം വെടിയുതിര്‍ത്ത് മരിച്ചു
ശ്രീലങ്കയില്‍ പ്രധാനമന്ത്രി രജപക്സെയുടെ രാജിയ്ക്ക് പിന്നാലെ വ്യാപക അക്രമ സംഭവങ്ങൾ. സർക്കാർ വിരുദ്ധരായ ജനക്കൂട്ടം നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കി. ഇതിനിടെ ഒരു പാർലമെൻ്റംഗം രണ്ടുപേരെ വെടിവെച്ചശേഷം ആത്മഹത്യ ചെയ്തു.
ഭരണപക്ഷ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ എം പിയായ അമരകീർത്തി അതികൊരാളയാണ് ജനക്കൂട്ടം വളഞ്ഞതിനെത്തുടർന്ന് രക്ഷപ്പെടാൻ സ്വയം വെടിവെച്ച് മരിച്ചത്. പൊലൊന്നരുവ ജില്ലയിൽ നിന്നുള്ള എം പിയായ അതികൊരാളയുടെ വാഹനം കൊളംബോ-കാൻഡി ദേശീയപാതയിൽ നിത്തംബുവ എന്ന സ്ഥലത്തുവെച്ച് ആൾക്കൂട്ടം തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ അതികൊരാള രക്ഷപ്പെടാൻ വേണ്ടി തൻ്റെ റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ആൾക്കൂട്ടത്തിലെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇദ്ദേഹം ഓടി അടുത്തുള്ള ഒരു കെട്ടിടത്തിൽ അഭയം പ്രാപിച്ചെങ്കിലും ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം കെട്ടിടം വളഞ്ഞു. ഈ സാഹചര്യത്തിലാണ് അതികൊരാള റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവൻ വെടിഞ്ഞത്.
ഇതിനു പുറമെ രാജ്യമെങ്ങും അക്രമ പരമ്പരകള്‍ അരങ്ങേറുകയാണ്. മന്ത്രിമന്ദിരങ്ങളും മേയറുടെ വീടും പ്രക്ഷോഭക്കാര്‍ കത്തിച്ചു. ജനകീയ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ പലയിടത്തും സംഘര്‍ഷം നടക്കുകയാണ്.രാജ്യത്ത് പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു രജപക്സെയുടെ രാജി.
അവസാന നിമിഷം വരെ രാജിക്ക് മഹിന്ദ സന്നദ്ധനായിരുന്നില്ല എന്നാണ് വിവരം. പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയായ എസ്എല്പിപിയിലും വലിയൊരു വിഭാഗം എതിര്‍പ്പുമായി എത്തിയതോടെയാണ് പ്രധാനമന്ത്രി രാജിക്ക് തയ്യാറായത്.
ഇന്ന് രാവിലെയും മഹിന്ദയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നുറുകണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്ത് പ്രതിഷേധം നടന്നുവരികയാണ്.
Content Highlight: Sri Lankan MP found dead after clashes with mob.