ഇനി ആരുമറിയാതെ എക്സിറ്റാകാം; പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്
ഇനിമുതൽ ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തു കടക്കാം. വാട്സാപ്പിൻ്റെ പുതിയ അപ്ഡേഷനിലാണ് ഈ ഫീച്ചർ. ഈയടുത്ത കാലത്തായി തുടര്‍ച്ചയായി അപ്ഡേഷനുകള്‍ വരുത്തുന്ന മാധ്യമമാണ് വാട്സ്ആപ്പ്. മെസേജുകൾക്ക് റിയാക്ഷൻ രേഖപ്പെടുത്താനുള്ള ഫീച്ചർ ആയിരുന്നു വാട്സാപ്പ് അവസാനമായി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഏറ്റവും പുതിയ അപ്ഡേഷനും ഉപയോക്താക്കള്‍ക്ക് നല്‍കുകയാണ് കമ്പനി. ഇനി മുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകുമ്പോൾ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അറിയില്ല. നിലവില്‍ ആരു പുറത്ത് പോയാലും എല്ലാവരും അറിയും. ചാറ്റ് ടൈം ലൈനിൽത്തന്നെ മെസേജ് രൂപത്തിൽ അക്കാര്യം കാണാൻ സാധിക്കും. എന്നാല്‍ ഈ അപ്ഡേഷന് നിലവില്‍ വന്നാല്‍ ആരുമറിയാതെ പുറത്ത് കടക്കാം. പുതിയ ഫീച്ചര്‍ അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോള്‍ അഡ്മിന്മാര്ക്ക് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങൾക്ക് ഈ നോട്ടിഫിക്കേഷൻ കാണാൻ കഴിയുകയില്ല.
പുതിയ ഫീച്ചര്‍ നിലവില്‍ നിര്‍മ്മാണത്തിലാണെന്നും ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും വാട്സ്ആപ്പ് അറിയിച്ചു. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളിലെ ബീറ്റ വേർഷനിലായിരിക്കും ആദ്യം ഈ ഫീച്ചര്‍ ലഭ്യമാകുക. വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേര്‍ഷനുകളില്‍ പിന്നീടായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാകുക.
Content Highlight – WhatsApp with new update