തൃക്കാക്കരയിലെ വ്യാജ വീഡിയോക്ക് പിന്നിൽ വൻ ഗൂഢാലോചന; പ്രതികൾ റിമാന്റിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വീഡിയോ പ്രചരിപ്പിച്ചകേസിൽ ഇന്നലെ പൊലീസ് പിടികൂടിയ പ്രതികളെ കോടത റിമാന്റ് ചെയ്തു. കാക്കനാട് കോടതിയാണ് പ്രതികളായ അബ്ദുൾ ലത്തീഫ് നൗഫൽ, നസീർ എന്നിവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഈ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട വിലയിരുത്തൽ.
തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിന്റേത് എന്ന പേരിലാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ പരാതി നൽകിയ സ്ഥാനാർഥി കേസിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇതോടെ വീഡിയോ അപ്ലോഡ് ചെയ്ത് പ്രചരിച്ച ലീഗ് പ്രവർത്തകർ കേരളത്തിന് പുറത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തിഹത്യ നടത്തുന്ന നടപടിയാണ് യു ഡി എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് എൽ ഡി എഫ് ആവർത്തിച്ചു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഈ വിഡിയോ സംബന്ധിച്ച് വലിയ ചർച്ചയാണ് മണ്ഡലത്തിലുണ്ടായത്.
Content Highlights: Police on fake video of LDF candidate