രാജസ്ഥാനിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; കോൺഗ്രസ് എംഎൽഎമാരെ ഉദയ്പൂരിലെ റിസോർട്ടിലേയ്ക്ക് മാറ്റി
രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെ ഉദയ്പൂരിലെ റിസോർട്ടിലേയ്ക്ക് മാറ്റിയതായി റിപ്പോർട്ട്. ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കുതിരക്കച്ചവടമുണ്ടാകുമെന്ന് ഭയന്നാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. കോൺഗ്രസിൻ്റെ ചിന്തൻ ശിബിരത്തിൻ്റെ വേദിയായിരുന്ന ഉദയ്പൂരിലെ താജ് ആരവല്ലി ഹോട്ടലിലേയ്ക്കാണ് ഇവരെ മാറ്റിയത്.
സീ ന്യൂസിൻ്റെ ചെയർമാൻ എമരിറ്റസും എസെൽ ഗ്രൂപ്പ് ഉടമയുമായ സുഭാഷ് ചന്ദ്ര രാജ്യസഭയിലേയ്ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപ്പത്രിക സമർപ്പിച്ചിരുന്നു. ബിജെപിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുഭാഷ് ചന്ദ്ര. സുഭാഷ് ചന്ദ്രയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിൻ്റെ മൂന്നാമത്തെ രാജ്യസഭാ സീറ്റ് വിജയത്തിന് ഭീഷണിയായേക്കുമെന്ന ഭയത്തിലാണ് നിലവിലെ നീക്കം. നിലവിൽ ഹരിയാണയിൽ നിന്നുള്ള ബിജെപി പിന്തുണയുള്ള സ്വതന്ത്ര രാജ്യസഭാംഗമാണ് സുഭാഷ് ചന്ദ്ര.
200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 108 എംഎൽഎമാരാണുള്ളത്. ഓരോ രാജ്യസഭാംഗത്തിനെയും തെരെഞ്ഞെടുക്കാൻ 41 വോട്ടുകൾ വീതം വേണം. 108 അംഗങ്ങളുള്ള കോൺഗ്രസിന് 2 അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത് എളുപ്പമാണ്. തങ്ങളുടെ രണ്ട് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തുകഴിഞ്ഞാൽ മൂന്നാമത്തെ സ്ഥാനാർത്ഥിയെ തെരെഞ്ഞെടുക്കാൻ കോൺഗ്രസിന് 15 വോട്ടുകൾ കൂടി ആവശ്യമാണ്.
71 അംഗങ്ങളുള്ള ബിജെപിയ്ക്ക് ഒരു ഒരു രാജ്യസഭാംഗത്തെ തെരെഞ്ഞെടുക്കാൻ കഴിയും. രണ്ടാമതൊരു സ്ഥാനാർത്ഥിയെ തെരെഞ്ഞെടുക്കാൻ ബിജെപിയ്ക്ക് 11 വോട്ടുകൾ അധികമായി വേണം. രാജസ്ഥാൻ നിയമസഭയിൽ 13 സ്വതന്ത്ര എംഎൽഎമാരും വിവിധ ചെറുകക്ഷികളുടേതായി 8 എംഎൽഎമാരുമുണ്ട്. ഇതിൽ പന്ത്രണ്ട് സ്വതന്ത്രരുടെ പിന്തുണ നിലവിൽ കോൺഗ്രസിനുണ്ട്.
നിലവിൽ മുഴുവൻ സ്വതന്ത്രരുടെയും മറ്റ് പാർട്ടികളുടെ എംഎൽഎമാരുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ കോൺഗ്രസിന് തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥിയെ രാജ്യസഭയിലെത്തിക്കാൻ സാധിക്കുകയുള്ളൂ. മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല, പ്രമോദ് തിവാരി എന്നിവരെയാണ് രാജസ്ഥാനിൽ നിന്നും കോൺഗ്രസ് രാജ്യസഭയിലേയ്ക്ക് മൽസരിപ്പിക്കുന്നത്.
ബിജെപിയുടെ സ്ഥാനാർത്ഥിയായി മൽസരിക്കുനന്ത് ഘനശ്യാം തിവാരിയാണ്. ഇതിനിടയിലാണ് അഞ്ചാമനായി സുഭാഷ് ചന്ദ്രയുടെ രംഗപ്രവേശം. ബിജെപിയ്ക്കും കോൺഗ്രസിനും സ്വാഭാവികമായി ലഭിക്കാവുന്ന സീറ്റുകൾ കഴിഞ്ഞ് വരുന്ന നാലാമത്തെ സീറ്റിൽ ഇതോടെ മൽസരമുണ്ടാകുകയാണ്. തങ്ങളുടെ പിന്തുണയുള്ള സുഭാഷ് ചന്ദ്രയെ ജയിപ്പിക്കാൻ കോൺഗ്രസ് പക്ഷത്തെ എംഎൽഎമാരെ ബിജെപി സ്വാധീനിച്ചേക്കുമെന്ന ഭയമാണ് കോൺഗ്രസിനുള്ളത്.
Content Highlights: Rajasthan Congress Resort Politics, Rajasthan Congress MLAs, Subhash Chandra,Rajasthan Rajya Sabha polls, Rajasthan Congress Udaipur