അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞു; കണ്ണൂരില്‍ 5 പോലീസുകാര്‍ക്ക് സസ്പെന്ഷന്
അപകടമുണ്ടാക്കിയ ശേഷം കാറുമായി കടന്നുകളഞ്ഞ സംഭവത്തില്‍ 5 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കണ്ണൂര്‍ ആംഡ് പോലീസ് ബറ്റാലിയനിലെ 5 പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്‍.കെ. രമേശന്, ടി.ആര്. രജീഷ്, ടി.ആര്. പ്രജീഷ്, കെ. സന്ദീപ്, വി.കെ. സായൂജ്, ശ്യാം കൃഷ്ണന് എന്നിവര്‍ക്കാണ് സസ്പെന്ഷന്. അശ്രദ്ധമായി കാറോടിച്ച് ബൈക്കില്‍ ഇടിച്ച സംഭവത്തിലാണ് നടപടി. അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.
ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. പറശ്ശിനിക്കടവ് ഭാഗത്തേക്ക് ഇവര്‍ കാറില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. എതിര് ദിശയിലെത്തിയ ബൈക്കില്‍ ഇവരുടെ കാര്‍ ഇടിച്ചു. യാത്രക്കാര്‍ വഴിയില്‍ വീണു കിടന്നിട്ടും ഇവര്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയതും നാട്ടുകാര്‍ തന്നെയാണ്. ഇവര്‍ക്കെതിരായ കേസ് മൂടിവെക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയിരുന്നു.
Content Highlights: Police, Kannur, Suspension