പ്രവാചകനിന്ദയില്‍ അതൃപ്തി അറിയിച്ച് 15 രാജ്യങ്ങള്‍; സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഖത്തര്‍
ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും നടത്തിയ പ്രവാചകനിന്ദയില്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ച് കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍. 15 രാജ്യങ്ങള്‍ ഇതുവരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ലിബിയ, മാലദ്വീപ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ഒടുവില്‍ പ്രതിഷേധവുമായെത്തിയത്. ഇറാന്, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബഹറിന്‍, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ വിഷയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പരാമര്‍ശത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ തള്ളിക്കളയണം. ഇന്ത്യന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കാനുള്ള ആഹ്വാനം പരിശോധിച്ചു വരികയാണെന്നും ഇന്ത്യയിലെ ഖത്തര്‍ എംബസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്നാണ് ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ജിസിസി രാജ്യങ്ങളും ഇസ്ലാമിക് ഓര്‍ഗനൈസേഷനും ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതേസമയം വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നിലപാടല്ലെന്നും പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം നല്കുന്ന വിശദീകരണം.
Content Highlights: BJP, Bigotry, Nupur Sharma, GCC, OIC, Qatar