മതവിദ്വേഷ പരാമർശം; ബിജെപി മുൻ വക്താവ് നൂപുർ ശർമയടക്കം 9 പേർക്കെതിരെ കേസ്
ബിജെപി വക്താക്കൾ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും, ക്രമസമാധാനം തകർക്കാൻ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചതിനും 9 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ, പുറത്താക്കപ്പെട്ട ഡൽഹി ബിജെപി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടിയുടെ മുഖ്യ വക്താവും ശിവലിംഗത്തെക്കുറിച്ച് വിവാദ ട്വീറ്റ് ചെയ്തയാളുമായ ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബാ നഖ്വി, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവിധ മതങ്ങളിൽപ്പെട്ടവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇപ്പോൾ പ്രതിചേർക്കപ്പെട്ടവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിച്ച ശേഷമാണ് ഇവർക്കെതിരെ കേസെടുത്തത്. മതങ്ങളെ സംബന്ധിക്കുന്ന മോശം പരാമർശങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് പ്രത്യേക സെൽ അന്വേഷിക്കുമെന്നും മൽഹോത്ര അറിയിച്ചു. അതേസമയം വിവാദ പരാമര്‍ശത്തിൽ നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.