“എന്നെ എന്തിനിത്രയും നാൾ ജയിലിലടച്ചു? നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?”; ആര്യൻ ഖാൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ആര്യൻ ഖാനെ ചോദ്യം ചെയ്ത സന്ദർഭം വെളിപ്പെടുത്തി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. “നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?” എന്ന ആര്യൻ ഖാൻ്റെ ചൊദ്യം ഉള്ളിൽ തട്ടുന്നതായിരുന്നെന്ന് അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
“സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം കൊടുക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമല്ലേ? എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. നിങ്ങൾ എന്നോട് ചെയ്തത് വലിയ തെറ്റാണ്. അതെൻ്റെ സല്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. ശരിക്കും ഞാനത് അർഹിച്ചിരുന്നോ?”- ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിങ് പറഞ്ഞു.
താൻ തുറന്ന മനസോടെയാണ് സമീപിക്കുന്നതെന്ന് പറഞ്ഞപ്പോഴായിരുന്നു ഈ ചോദ്യമെന്ന് സഞ്ജയ് സിങ് പറയുന്നു. ഇത്തരം ചോദ്യങ്ങൾ ആര്യൻ ഖാനിൽ നിന്ന് താൻ പ്രതീക്ഷിച്ചില്ല. പല ചോദ്യങ്ങളും ഉള്ളിൽ തട്ടുന്നതായിരുന്നുവെന്നും സഞ്ജയ് സിങ് പറയുന്നു.
ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.
ആര്യൻ ഖാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തയുടൻ വൈദ്യ പരിശോധന നടത്തിയില്ലെന്നതുൾപ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യൻ ഖാൻ കേസിൽ വാങ്കഡെയ്ക്കെതിരായ മറ്റൊരു ആരോപണം.