ചെറായി പെട്രോള്‍ പമ്പിലെ മോഷണം; യുവതി അറസ്റ്റില്‍
ചെറായിയിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ യുവതി അറസ്റ്റില്‍. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്ന മാത്യുവാണ് (22) അറസ്റ്റിലായത്. ജോസ്നയുടെ ഭര്‍ത്താവ് റിയാദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് മുനമ്പം പോലീസ് അറിയിച്ചു. ചെറായി ദേവസ്വം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രംഭ ഫ്യുവല്‍സില്‍ നിന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. അടഞ്ഞു കിടന്ന പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ രണ്ടു പേരില്‍ ഒരാള്‍ സ്ത്രീയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അത്താണിയിലെ ലോഡ്ജില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
റിയാദ് ഇരുപതിലധികം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കുന്നംകുളം, ആലങ്ങാട് എന്നിവിടങ്ങളില്‍ നടന്ന പെട്രോള്‍ പമ്പു കവര്‍ച്ചകള്‍ക്ക് പിന്നിലും ഇയാളാണെന്ന് സംശയിക്കുന്നു. ജോസ്നയെ പമ്പിലെത്തിച്ച് തെളിവെടുത്തു. ഓഫീസ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്ക്രൂഡ്രൈവര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: Cherayi, Petrol Pump, Robbery, Arrest