അദാനിയ്ക്കായി പ്രസിഡൻ്റിന് മേൽ നരേന്ദ്ര മോദിയുടെ സമ്മർദ്ദം; വെളിപ്പെടുത്തലിന് ശേഷം രാജിവെച്ച് ശ്രീലങ്കൻ വൈദ്യുത ബോർഡ് ചെയർമാൻ
ശ്രീലങ്കയിൽ നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും പേരിൽ പുതിയ വിവാദം. പുതിയ കാറ്റാടി വൈദ്യുത പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന വൈദ്യുത ബോർഡ് ചെയർമാൻ്റെ ആരോപണമാണ് വിവാദമാകുന്നത്.
മന്നാർ ജില്ലയിലെ 500 മെഗാവാട്ടിൻ്റെ കാറ്റാടി വൈദ്യുത പദ്ധതിയുടെ കരാർ ഗൗതം അദാനിയുടെ കമ്പനിയ്ക്ക് നേരിട്ട് നൽകാൻ നരേന്ദ്ര മോദി തൻ്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ശ്രീലങ്കൻ പ്രസിഡൻ്റ് ഗോതബായ രജപക്സ തന്നോട് വെളിപ്പെടുത്തിയിരുന്നതായാണ് ശ്രീലങ്കയുടെ സിലോൺ വൈദ്യുത ബോർഡിൻ്റെ ചെയർമാൻ എംഎംസി ഫെർഡിനാൻ്റോ ആരോപിച്ചത്. പാർലമെൻ്ററി സമിതിയായ കമ്മിറ്റി ഓൺ പബ്ലിക് എൻ്റർപ്രൈസസിൻ്റെ (Committee on Public Enterprises-COPE) ഹിയറിങ്ങിനിടെയായിരുന്നു ഫെർഡിനാൻ്റോയുടെ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ ഫെർഡിനാൻ്റോ രാജിവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വന്തം രാജ്യത്തിൻ്റെ പ്രസിഡൻ്റിനും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കുമെതിരെ ഫെർഡിനാൻ്റോ ഗുരുതരമായ ആരോപണമുന്നയിച്ചത്. അതേസമയം, ഫെർഡിനാൻ്റോയുടെ ആരോപണങ്ങളെ തള്ളി പ്രസിഡൻ്റ് രജപക്സ രംഗത്തെത്തി. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പദ്ധതിയുടെ കരാർ നൽകാൻ അധികാരം നൽകിയെന്ന ആരോപണം താൻ തീർത്തും നിഷേധിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യം നിഷേധിച്ച് ഒരു ഔദ്യോഗിക കുറിപ്പ് അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്തിറക്കുകയും ചെയ്തു.
“ശ്രീലങ്ക ഗുരുതരമായ ഊർജ പ്രതിസന്ധിയിലായതിനാൽ വമ്പൻ വൈദ്യുത പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പ്രസിഡൻ്റ് ആഗ്രഹിക്കുന്നു. എന്നിരുന്നാലും പദ്ധതിയുടെ കരാർ നൽകുന്നതിൽ അനധികൃതമായ ഒരു സ്വാധീനവും ഉപയോഗിക്കില്ല. ” പ്രസിഡൻ്റിൻ്റെ പത്രക്കുറിപ്പ് പറയുന്നു.
പ്രസിഡൻ്റ് നിഷേധക്കുറിപ്പ് പുറത്തുവന്നതോടെ ഫെർഡിനാൻ്റോ തൻ്റെ ആരോപണം പിൻവലിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സമ്മർദ്ദവും വികാരവിക്ഷോഭവും മൂലമാണ് താൻ പ്രസിഡൻ്റിനും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കുമെതിരെ അത്തരമൊരു ആരോപണമുന്നയിച്ചതെന്ന് ഫെർഡിനാൻ്റോ പറഞ്ഞു. തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ രാജി.
ഊർജപദ്ധതികളുടെ കരാർ നൽകുന്നതിനായി ടെണ്ടർ നൽകുന്ന നടപടി നിർത്തലാക്കിക്കൊണ്ട് ശ്രീലങ്കയിലെ നിയമങ്ങൾ സർക്കാർ പരിഷ്കരിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. മന്നാർ പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകുന്നതിനാണ് ഈ നിയമം മാറ്റിയതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.
Content Highlight: Sri Lankan official says PM pressurised Gotabaya Rajapaksa for Adani to get Mannar Wind Mill project