വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചവർ മദ്യപിച്ചതിന് തെളിവില്ല; പരിശോധന നടത്താത്തത് ഒത്തുകളിയെന്ന് കോൺഗ്രസ്
കണ്ണൂരിൽ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച് പാഞ്ഞടുത്ത മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നതിന് തെളിവില്ല. തിരുവനന്തപുരത്തെത്തിയ പ്രവർത്തകരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പരിശോധന നടത്തിയില്ലെന്ന് പരക്കെ ആക്ഷേപം ഉയരുന്നു.
ഡോക്ടർമാർ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇ പി ജയരാജൻ ഇന്നലെ തന്നെ ഇവർ മുഖ്യമന്ത്രിക്ക് നേര് പാഞ്ഞടുത്തത് മദ്യലഹരിയിലാണെന്ന് ആരോപിച്ചിരുന്നു. ഇതേ കാരണം കൊണ്ട് വിശദമായ പരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് പറയുന്നത്.
കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ ഇന്നലെ തന്നെ വെല്ലുവിളികളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർക്ക് നടക്കാൻ പോലും ആവുന്നില്ലെന്നും അവർ ആടിയാടിയാണ് നിന്നെതെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ പ്രതിഷേധം നടത്തിയിട്ടും കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കൃത്യമായ വൈദ്യപരിശോധന നടത്താത്തത് ഇ പി ജയരാജനെ സംരക്ഷിക്കാനാണെന്നും എൽ ഡി എഫ് മുന്നോട്ടുവെക്കുന്ന വാദഗതികൾ പൊളിയുമെന്നുള്ള പേടികൊണ്ടാണെന്നും യു ഡി എഫ് ആരോപിക്കുന്നു.
വിമാനത്തിനകത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മൂന്ന് പേരെയും വിമാനത്തിൽ നിന്ന് ഒഴിവാക്കാനും പൊലീസ് ശ്രമിച്ചിരുന്നു. നേരത്തെ ടിക്കറ്റെടുത്ത് യാത്രക്ക് തയ്യാറായവരെ അകാരണമായി ഒഴിവാക്കാൻ കഴിയില്ലെന്ന് വിമാനത്താവള അധികൃതർ നിലപാട് സ്വീകരിച്ചതിനാലാണ് ഇവരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്.
Content Highlights: Congress Aero protest against CM Pinarayi Vijayan at Kannur