വിമാനത്തിലെ പ്രതിഷേധം; ഇൻഡിഗോ എയർലൈൻസിന്റെ റിപ്പോർട്ട് പുറത്ത്, ഇ പി ജയരാജന്റെ പേര് റിപ്പോർട്ടിൽ ഇല്ല
കണ്ണൂരിൽ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ റിപ്പോർട്ട് പുറത്ത്. മൂന്ന് പേർ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവർ ഇവരെ തടഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത് വിമാനത്തിനകത്താണ് എന്നുള്ള വിശദീകരണമാണ് വിമാനക്കമ്പനി നൽകുന്നത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ മൂന്നാമത്തെയാളെ കണ്ടെത്താനുള്ള ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് പൊലീസ്.
മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവൽ യാത്രക്കാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ളവ പുറത്തുകൊണ്ടുവരാനായി അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പ്രജീഷ് തോട്ടത്തലിന് ഡി ജി പി നിർദേശം നൽകിയത്.
വിമാനത്തിലെ യാത്രക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാറിന് വേണ്ടി കോടതിയിൽ ഹാജരാവുന്നത്. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറച്ച് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തിരഞ്ഞെടുത്തത് പ്രോസിക്യൂഷന്റെ വാദം.
Content Highlights : Indigo airlines report on aero protest against CM Pinarayi vijayan