അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കണം; ചോദ്യം ചെയ്യല്‍ മാറ്റണമെന്ന് രാഹുല്‍ ഗാന്ധി
ആശുപത്രിയില്‍ കഴിയുന്ന അമ്മ സോണിയ ഗാന്ധിക്കൊപ്പം നില്‍ക്കണമെന്നും ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ കത്തിലാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ചയിലെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം രാഹുലിനെ ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് മുപ്പതു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. സോണിയ ആശുപത്രിയിലായതിനാല്‍ വ്യാഴാഴ്ച രാഹുലിനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്നാണ് നിര്‍ദേശം.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ആരോപണത്തില്‍ രാഹുലിനും സോണിയയ്ക്കും പങ്കുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് അന്വേഷണം.
Content Highlights: Rahul Gandhi, Sonia Gandhi, ED, National Herald