വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ജീവനക്കാരിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍, ഓഫീസില്‍ പോലീസ് പരിശോധന
ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല ദൃശ്യമുണ്ടാക്കാന് പ്രേരിപ്പിച്ചുവെന്ന് മുന്‍ ജീവനക്കാരി നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയുന്ന നിയമം അനുസരിച്ചും പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തുകയാണ്.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മുന്‍പ് കാക്കനാട് പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്.
നന്ദകുമാറിനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനു പിന്നില്‍ ക്രൈം നന്ദകുമാറും പി സി ജോര്‍ജും ഉള്‍പ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന് സരിത എസ് നായര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്രൈം നന്ദകുമാറിനെ താന്‍ കണ്ടിരുന്നതായി പി സി ജോര്‍ജും സ്ഥിരീകരിച്ചിരുന്നു.
Content Highlight: Crime Nandakumar, Arrest, SC ST Atrocity Act, Kerala Police