‘പൈസയില്ലെങ്കിൽ കടപൂട്ടിയിട്ടതെന്തിനാ’ – വൈറൽ കുറിപ്പെഴുതിയ കള്ളൻ പിടിയിൽ
മോഷ്ടിക്കാനെത്തിയ കടയിൽ കുറിപ്പെഴുതിവെച്ച് മുങ്ങിയ കള്ളൻ, പൊലീസ് പിടിയിൽ.
മോഷ്ടിക്കാനെത്തിയ ആൾ കടയുടെ ഡോറിൽ എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കുന്നംകുളത്തെ ഒരു കടയിൽ കയറിയ കള്ളനാണ് പൈസ കിട്ടാത്ത നിരാശയിൽ കുറിപ്പെഴുതിവെച്ച് ഓടിക്കളഞ്ഞത്. ഈ കള്ളൻ ആരാണെന്ന് ആ വാർത്ത കണ്ട എല്ലാവരും ആലോചിച്ചിട്ടുണ്ടാവും. ആ വൈറൽ കള്ളനെയാണ് കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് പിടികൂടിയത്.
പുൽപ്പള്ളി ഇരുളം സ്വദേശി വിശ്വരാജാണ് പൊലീസിന്റെ പിടിയിലായത്. വയനാട് ജില്ലയിലുൾപ്പെടെ നിരവധി മോഷണക്കേസിലെ പ്രതിയാണ് പിടിയിലായ വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി,ഫറോഖ്, ഗുരുവായൂർ, കണ്ണൂർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 53 ഓളം കേസുകളിലെ പ്രതിയാണ് വിശ്വരാജ്.
കഴിഞ്ഞ ദിവസവും ഇയാൾ കൽപ്പറ്റയിൽ മോഷണശ്രമം നടത്തിയിരുന്നു. ആ മോഷണശ്രമത്തിനിടെ പരിക്കേറ്റ വിശ്വജിത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ വിവരം അറിഞ്ഞാണ് പൊലീസ് ഇയാളെ തേടിയെത്തിയത്. നാട്ടുകാരുടെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കള്ളൻ പിടിയിലായത്. ഏഴിലധികം സ്ഥലങ്ങളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി വിശ്വരാജ് തന്നെയാണെന്ന് കണ്ടെത്തിയത്.
നിലവിൽ മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ വിശ്വരാജിനെ കൽപ്പറ്റ പൊലീസിന് കൈമാറി. കഴിഞ്ഞയാഴ്ചയാണ് കുന്നംകുളത്തെ ഷോപ്പിങ് സെന്ററിലെ മൂന്ന് കടകളിൽ ഇയാൾ കയറിയത്. ഒരു കടയിൽ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറ് രൂപയുമാണ് കിട്ടിയത്. മൂന്നാമത്തെ കടയിൽ നിന്ന് ഒന്നും കിട്ടിയില്ല. ആ കടയുടെ വാതിലിലാണ് കുറിപ്പ് എഴുതിവെച്ചത്.
Content Highlights : Kunnamkulam Theft and viral note by thief