അഗ്നിപഥിൽ പ്രതിഷേധം തുടരുന്നു ; DYFI മാർച്ചിൽ സംഘർഷം, എ എ റഹീം എം പി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
കേന്ദ്രസർക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിര രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുന്നു. ഡൽഹിയിൽ ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. ജന്ദർ മന്ദറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ എം പി മാരുൾപ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തു.
എ എ റഹീം ഐഷെ ഘോഷ്, മയൂഖ് ബിശ്വാസ് എന്നിവരെയുൾപ്പെടെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പല സ്ഥലങ്ങളിലം ട്രെയിൻ ഉപരോധിക്കലും ദേശീയ പാത തടയലിലും തുടങ്ങി ട്രെയിനിന് തീയിടുന്നത് വരെയെത്തി. പലപ്പോഴും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ടിയർ ഗ്യാസും ലാത്തിയും പ്രയോഗിച്ചു. ചിലയിടങ്ങളിൽ ഗ്രനേഡും പ്രയോഗിച്ചിരുന്നു.
എന്നിട്ടും അഗ്നിപഥിൽ നിന്ന് ഒരടിപോലും പിന്നോട്ട് പോവില്ലെന്ന് ആവർത്തിച്ച് പറയുകയാണ് കേന്ദ്രസർക്കാർ. സേനാമേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തുന്ന കൂടിക്കാഴ്ച തുടരുകയാണ്. വരുന്നയാഴ്ച തന്നെ റിക്രൂട്ട്മെന്റ് നടപടികളിലേക്ക് കടക്കുമെന്ന് സൈനിക മേധാവികളും അറിയിച്ചു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രായപരിധിയിൽ മാത്രമാണ് ചെറിയൊരു ഇളവെങ്കിലും കേന്ദ്രം വരുത്തിയത്.
ഇന്ന് സൈനിക മേധാവിയും രാജ്നാഥ് സിങും നടത്തുന്ന കൂടിക്കാഴ്ചയിൽ
അഗ്നിപഥിലെ ശന്പള വ്യവസ്ഥകൾ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ അഗ്നിവീരർക്ക് സംസ്ഥാന സർക്കാർ സർവീസിലേക്കുൾപ്പെടെയുള്ള സംവരണ മാനദണ്ഡങ്ങളും ചർച്ചയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ വിശദാംശങ്ങൾ വ്യോമസേന പുറത്തുവിട്ടു. പതിനേഴര വയസ്സുമുതൽ 21 വയസ്സുവരെയുള്ളവരെ മാത്രമേ അഗ്നിപഥ് പദ്ധതിയിലേക്ക് പരിഗണിക്കുകയുള്ളൂ.
മതിയായ കാരണങ്ങളില്ലാതെ അഗ്നിവീരർക്ക് സേവനം മതിയാക്കി നാട്ടിലേക്ക് തിരികെ വരാൻ അനുമതിയില്ല.
Content Highlights : Agnipath Protest at Delhi DYFI