പ്ലസ് വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; CBSE വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരം
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികൾ ജൂലായ് ആദ്യയാഴ്ച തുടങ്ങും. സി.ബി.എസ്.ഇ. വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് അപേക്ഷിക്കാൻ അവസരം ലഭിക്കും വിധമായിരിക്കും പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. ഈ മാസം 21-ന് ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേർന്ന് ആവശ്യമായ രൂപരേഖ തയ്യാറാക്കും
കഴിഞ്ഞവര്‍ഷം അനിശ്ചിതത്വത്തെത്തുടര്‍ന്ന് 33,150 സീറ്റുകളാണ് താത്കാലികമായി അധികം അനുവദിച്ചത്. മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനം സീറ്റുകൾവരെ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ, സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനം ഉറപ്പു വരുത്തുമെന്നും പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനനടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരുമിച്ചുനടത്താത്തതിനാല്‍ ഉയര്‍ന്ന ഡബ്ല്യു.പി.ജി.എ.യുള്ള കുട്ടികള്‍ക്ക് പോലും ഉദ്ദേശിച്ച സ്കൂളിലും കോമ്പിനേഷനിലും പ്രവേശം ലഭിക്കുന്നില്ല.
സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയാല്‍ പ്രവേശന നടപടികള്‍ സുതാര്യമാകുമെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളില്‍നിന്ന് അനുവദിക്കുന്ന ക്ലബ്ബ് സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണം നിജപ്പെടുത്തണമെന്നും ബോണസ് പോയന്റ് അനുവദിക്കുന്നതില്‍ പുനഃപരിശോധന വേണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Kerala Higher Secondary Education admission plus two