മോദി ഹിറ്റ്ലറെയും കവച്ചുവെച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ്
പ്രധാനമന്ത്രി നരേന്ദ്രമോദി ഹിറ്റ്ലറെയും കവച്ചുവെച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ്. ഹിറ്റ്ലറുടെ പാതയാണ് മോദി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതേ മരണം തന്നെയായിരിക്കും മോദിയെ കാത്തിരിക്കുന്നതെന്ന് ഓര്‍മിക്കണമെന്നും സഹായ് കൂട്ടിച്ചേര്‍ത്തു. അഗ്നിപഥ് പദ്ധതിക്കെതിരെ ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ടാണ് സഹായ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തില്‍ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി സര്‍ക്കാര്‍ കള്ളന്മാരുടെ സര്‍ക്കാരാണെന്നും റിംഗ് മാസ്റ്ററായി അഭിനയിക്കുന്ന മോദി ഇപ്പോള്‍ ഏകാധിപതിയുടെ റോളിലാണെന്നും സഹായ് പറഞ്ഞു. സൈന്യത്തിനുള്ളില്‍ കാക്കിയെന്ന പേരില്‍ പ്രത്യേക സംവിധാനം രൂപീകരിച്ചയാളാണ് ഹിറ്റ്ലറെന്നും സഹായ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് തന്റെ ട്വീറ്റില്‍ ഇത്തരം പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഏകാധിപത്യ രീതികള്‍ക്ക് എതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് എന്നും പോരാടും. എന്നാല്‍ ഗാന്ധിമാര്ഗ്ഗത്തിലായിരിക്കും കോണ്‍ഗ്രസ് തുടരുകയെന്നും ജയ്റാം രമേശിന്റെ ട്വീറ്റ് പറയുന്നു.
Content Highlights: Subhodh Kanth Sahai, Congress, Narendra Modi, Dictator