വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതിയായ വിജയ് ബാബു വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് പറയാനാകില്ലെന്നും പരാതിക്കാരിയായ നടി ഒരിക്കലും പ്രതിയുടെ തടവിലായിരുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്. പ്രതിയും നടിയും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവരുടെ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ് ഈ സംഭാഷണങ്ങളെന്നും. ലൈംഗികാതിക്രമം നടന്നതായി അവയില്‍ ഒരിടത്തും സൂചിപ്പിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
കോടതി അതിജീവിതയുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്നില്ലെന്ന ചര്‍ച്ചകള്‍ ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരുന്നു. കോടതിയുടെ നിരീക്ഷണങ്ങളില്‍ നിന്ന് പ്രതിക്കും ഇരയ്ക്കുമിടയില്‍ നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്ന സന്ദേശം പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷന് വിലയിരുത്തുന്നു.
Content Highlights: Vijay Babu, Rape Case, Bail, High Court, Supreme Court