അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു
അഭയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികള്‍ക്ക് ജാമ്യം. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുകയായി അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. പ്രതികള്‍ സംസ്ഥാനം വിടരുതെന്നും കോടതി നിര്‍ദേശിച്ചു.
ശിക്ഷാ വിധി സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് അഭയ കേസിലെ പ്രതികളെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതികളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികള്‍ നല്കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അമുവദിക്കണം എന്നാണ് പ്രതികളുടെ ആവശ്യം.
1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍ 23ന് കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതായിരുന്നു വിധി.
Content Highlight: Abhaya Case, High Court, Fr. Thomas Kottoor, Sr.Sefy