ഇനി മുതൽ ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പെൻഡ്
സംസ്ഥാനത്തെ ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ ഉത്തരവായി. 30 വയസ് വരെ പ്രായമുള്ളതും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പെൻഡ് നൽകുക. ബാറിൽ മൂന്നുവർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സ്റ്റൈപ്പെൻഡ് ലഭിക്കുകയില്ല. അതേസമയം, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല.
അഭിഭാഷകക്ഷേമനിധി നിയമപ്രകാരം രൂപം നൽകിയ അഭിഭാഷകക്ഷേമനിധിയിൽ നിന്ന് ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പെൻഡ് നൽകാൻ ബാർ കൗൺസിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണ് തുക നൽകുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂനിയർ അഭിഭാഷകർക്ക് അയ്യായിരം രൂപവീതം സ്റ്റൈപ്പൻഡ് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ ബാർ കൗൺസിൽ അമാന്തം വരുത്തുന്നതിൽ കഴിഞ്ഞവർഷം ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.