ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ ഒക്ടോബർ 21ന് തുറന്നേക്കും; ലിസ്റ്റിംഗ് 28ന്
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഎൻബിസി-ടിവി18 നൽകിയ വിവരമനുസരിച്ച് ഒക്ടോബർ 21-നായിരിക്കും ഐപിഒ സബ്സ്ക്രിപ്ഷനായി തുറക്കുന്നത്.
ഒക്ടോബർ 23 വരെ ഐപിഒ സബ്സ്ക്രിപ്ഷനായി ലഭ്യമാകും. ഒക്ടോബർ 19-ന് ആങ്കർ ബുക്ക് ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഒക്ടോബർ 28-ഓടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തേക്കാം.
ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയുടെ അന്തിമ വലിപ്പം, പ്രൈസ് ബാൻഡ്, വാല്യുവേഷൻ എന്നിവ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. നിക്ഷേപകരുടെ പ്രതികരണങ്ങളും വിപണിയിലെ നിലവിലെ അവസ്ഥയും വിലയിരുത്തി അടുത്ത ആഴ്ചയോടെ വിലനിർണയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.













