അതിരപ്പള്ളിയിൽ ചത്ത കാട്ടുപന്നികൾക്ക് ആന്ത്രാക്സ്; അടിയന്തര നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി
തൃശൂര്‍ അതിരപ്പള്ളി വനമേഖലയിൽ ചത്ത കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടുപന്നികളുടെ ജഡം നീക്കം ചെയ്ത ആളുകള്‍ നിരീക്ഷണത്തിലാണ്.
ആന്ത്രാക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിര ജാഗ്രതാ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തൃശൂര്‍ ജില്ലയില്‍ ഇതു സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകും. ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവു ചെയ്തവർക്ക് ചികിത്സ നൽകും. തൃശൂർ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ രാവിലെ മുതൽ കൺട്രോൾ റൂം സജ്ജമാക്കും (0487 2424223). മുൻ കരുതലിന് അതിരപ്പിള്ളി പഞ്ചായത്തിൽ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. ഏഴ് കാട്ടുപന്നികളാണ് അതിരപ്പിളളിയിൽ ആന്ത്രാക്സ് ബാധിച്ച് ചത്തത്.