ലൈംഗിക പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് പിന്നില്‍ മുഖ്യമന്ത്രിയെന്ന് കുടുംബം
സോളാര്‍ കേസിലെ പ്രതി നല്കിയ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണമുയര്‍ത്തി പി സിയുടെ ഭാര്യ ഉഷ രംഗത്ത്. തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. സ്വപ്നയും വീട്ടില്‍ വന്നിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. അറിയാമായിരുന്നെങ്കില്‍ തനിച്ച് പോകില്ലായിരുന്നു. ജോര്‍ജിനെ സാക്ഷിയാക്കുമെന്ന് പറഞ്ഞ് ട്രാപ്പിലാക്കിയതാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ അങ്ങനൊന്നും ഒതുക്കാന്‍ പറ്റില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടാന്‍ പാടില്ലെന്നും ഉഷ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ പി സി ജോര്‍ജിനെതിരെ ശനിയാഴ്ച്ച രാവിലെയാണ് സോളാര്‍ കേസിലെ പ്രതി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 10-ാം തീയതിയാണ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Content Highlights – PC George, Harassment complaint filed by the accused in the solar case