ശ്രീലേഖയുടെ ആരോപണത്തില്‍ പ്രതികരണവുമായി അതിജീവിതയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദിലീപ് പ്രതിയായ കേസില്‍ ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി അതിജീവിതയുടെ കുടുംബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. നേരത്തെ കേസന്വേഷിച്ച ശ്രീലേഖ എന്ന ഓഫീസറോട് സഹതാപമാണ് തോന്നുന്നതെന്നും കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുന്നതെന്നും ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കേസില്‍ ദിലീപ് പ്രതിയല്ലെന്നും പോലീസ് കുടുക്കിയതാണെന്നും കെട്ടിച്ചമച്ച തെളിവുകളാണെന്നുമായിരുന്നു ശ്രീലേഖയുടെ വീഡിയോ.
കുറിപ്പിന്റെ പൂര്ണരൂപ ഇങ്ങനെ
ആത്മഹത്യകള്‍ പലവിധമാണ്. ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടം കൊണ്ട് കഴിയും. ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല, അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മറിച്ച്, പറഞ്ഞുപോയ വാക്കുകള്‍കൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം. ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ… അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും. ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ. സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം. ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു.
Content Highlight: Actress Assault Case, Dileep Case, Ex-DGP R Sreelekha, Reply from survivor’s family