പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ; നീരവ് മോദിയുടെ ആസ്തികൾ കണ്ടുകെട്ടി ഇ ഡി
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ള സ്വത്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയത്.
കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ ഡി പ്രസ്താവനയിലൂടെ അറിയിച്ചു. സ്വര്‍ണ-വജ്രാഭരണങ്ങളില് ഭൂരിഭാഗവും ഹോങ്കോങ്ങിലെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നിക്ഷേപങ്ങളും അവിടെത്തന്നെയുള്ള ബാങ്കുകളിലാണ്. ഇവ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നെന്ന് ഇ.ഡി പറഞ്ഞു.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ യു.കെയിലെ ജയിലിലാണ് 50 -കാരനായ നീരവ് മോദി. കുറ്റവാളി കൈമാറ്റക്കരാര്‍ അനുസരിച്ച് ബ്രിട്ടന്, തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് നീരവ് നല്കിയ ഹരജി കഴിഞ്ഞവര്‍ഷം യു.കെ കോടതി തള്ളിയിരുന്നു.
Content Highlights: Neerav Modi’s assets Seized by E D