കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം മൂലം സ്കൂളുകളിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുട്ടികളില്ല
എറണാകുളം ജില്ലാ കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്കൂളുകളിലെയും പ്രാതൽ ഭക്ഷണ വിതരണത്തെയും ബാധിച്ചു. അവധി ആണെന്നുള്ള വിവരം അറിയാൻ വൈകിയതോടെ സ്കൂളുകളിൽ ഭക്ഷണം ഉണ്ടാക്കിയെങ്കിലും കഴിക്കാൻ വിദ്യാർത്ഥികൾ എത്തിയില്ല. അവധി ആണെന്നുള്ള വിവരം പാതിവഴിയ്ക്ക് അറിഞ്ഞവർ മടങ്ങിയതാണ് വിനയായത്.
തൃപ്പൂണിത്തുറയിലെ ആർഎൽവി, ഗവണ്മെന്റ് ഗേൾസ് സ്കൂളുകളിൽ 100 മുതൽ 150 പേർക്കുള്ള പ്രാതൽ ബാക്കിയായി. തുടർന്ന് പ്രദേശത്തെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവ നൽകി. അവധി പ്രഖ്യാപനം വടവുകോട് സ്കൂളിൽ 800 കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കിയതിനു പിന്നാലെയായിരുന്നു. അധ്യാപകർ സ്കൂൾ വിട്ടതോടെ പ്രതിസന്ധിയിലായി. കുട്ടികൾ അവധി പ്രഖ്യാപിച്ചതോടെ വീട്ടിൽ പോയി. തയ്യാറാക്കി വെച്ച ഭക്ഷണം എന്ത് ചെയ്യണം എന്നറിയാതെ അധ്യാപകരും കുഴങ്ങി.
അവധി പ്രഖ്യാപനം വൈകിയതിൽ മാതാപിതാക്കളിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനാൽ കലക്ടർ വിശദീകരണവുമായി രംഗത്തെത്തി. ‘രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നായിരുന്നു കലക്ടറുടെ സമൂഹമാധ്യമത്തിലെ പുതിയ അറിയിപ്പ്.
Content Highlights – Collector Ernakulam, delayed declaration of holiday