സഹപാഠി കഞ്ചാവ് നല്കി പീഡിപ്പിച്ചു; കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സഹപാഠിയായ ആണ്‍കുട്ടി തന്നെ കഞ്ചാവ് നല്കി പീഡിപ്പിച്ചുവെന്ന് ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെപ്പോലെ കെണിയില്‍പ്പെട്ട 11 പെണ്‍കുട്ടികളെ തനിക്ക് അറിയാമെന്നും നിരവധി കുട്ടികള്‍ ഇത്തരത്തില്‍ കെണിയിലായിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
സ്കൂള്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നു സംഘം ക്യാരിയര്മാരാക്കുന്നതായി കണ്ണൂര്‍ എസിപി ടി കെ രത്നകുമാര്‍ പറഞ്ഞു. പിടിയിലായ ആണ്‍കുട്ടി കണ്ണൂരിലെ ഏറ്റവും വലിയ ഡീലര്‍മാരില്‍ ഒരാളാണെന്നാണ് കരുതുന്നത്. സഹപാഠിക്കൊപ്പം മകള്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ വീഡിയോ തനിക്ക് ഒരാള്‍ അയച്ചു തരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതോടെ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പുറത്തു പഠിച്ചിരുന്ന തനിക്ക് അവിടെ വെച്ച് നേരിട്ട റാഗിംഗ് മൂലം ഡിപ്രഷനുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഈ ഡിപ്രഷന് മാറാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി കഞ്ചാവ് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിനു ശേഷമാണ് തന്നെ പീഡിപ്പിച്ചത്. വീട്ടില്‍ ഉപ്പയില്ലാത്ത സമയത്ത് വന്ന് കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു.
സ്റ്റാമ്പ്, കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കള്‍ സഹപാഠി ചേച്ചിമാര്‍ക്ക് ഉള്‍പ്പെടെ നല്‍കാറുണ്ടെന്നും അവരുടെ കൂടെയാണ് അവന് രാത്രി കഴിയാറെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിക്കാറുണ്ടെന്നും വിവരമുണ്ട്.
Content Highlights: Cannabis, Ganja, Kanjavu, Kannur, Rape Case