മദ്യലഹരിയിൽ വാഹനത്തിൽ അതിക്രമിച്ചു കയറിയ കൊലക്കേസ് പ്രതി പിടിയിൽ
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറിയ മധ്യവയസ്കന് അറസ്റ്റിൽ. ചോറ്റാനിക്കരയിൽ വ്യാഴാഴ്ച്ച രാത്രി പത്തുമണിക്ക് ശേഷമാണ് അപകടമുണ്ടായത്. കൊലപാതക കേസിലെ പ്രതിയായ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്ലിയെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന യുവതിയും രണ്ടര വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വട്ടുകുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തട്ടുകടയില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിന് സമീപത്ത് കാര്‍ നിർത്തുകയായിരുന്നു. ശ്രീജിത്ത് മകളെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയാണ് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറിൽ നിന്ന് ഇറങ്ങി വന്ന ആഷ്ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറുകയായിരുന്നു.
ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാള്‍ വാഹനം മുന്നോട്ടെടുത്തു. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാർ നിയന്ത്രണം തെറ്റി സമീപത്തെ പാനിപ്പൂരി കടയില്‍ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറി. ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയില്‍ തട്ടിനിന്നു. വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിലുണ്ടായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റിരുന്നു. പിന്നാലെ ഓടിയെത്തിയ ശ്രീജിത്തും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. യുവതിയും മകളും എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
Content Highlights – Accused of murder, drunk, Tresspassing