ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഓണക്കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. കിറ്റില്‍ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ മാത്രം പ്രത്യേകമായി വിതരണം ചെയ്യും. എഎവൈ കാര്‍ഡുകാര്‍ക്കാണ് ആദ്യം കിറ്റ് നല്‍കുന്നത്. പിന്നീട് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിയില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം വാങ്ങാം.
കുടുംബശ്രീയാണ് ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത്. കുടുംബശ്രീയ്ക്ക് ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. കരാര്‍ പ്രകാരം നേന്ത്രക്കായ ചിപ്സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിംഗ് നടന്നത്.
കിറ്റിനായി 445 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടുന്നത്. എല്ലാവരിലേക്കും ഓണത്തിന് മുന്‍പ് കിറ്റ് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൂടാതെ ഓണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ 1 മുതല്‍ 8 വരെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പച്ചക്കറിയും ലഭ്യമാക്കും. ഇത്തവണ ഓണം വിപണിയില്‍ സപ്ലൈകോ ഇടപെടല്‍ കാര്യമായി ഉണ്ടാവുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ പറഞ്ഞു.
Content Highlights – Onam kit, Distribution, Tuesday