മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂർ മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണ് പോളിങ് സമയം. 35 വാർഡുകളിൽ 111 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ഈ മാസം 22ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും.
എൽ. ഡി. എഫും, യു. ഡി. എഫും, ബി. ജെ. പിയും എല്ലാ വാർഡിലും, എസ്. ഡി. പി. ഐ നാല് വാർഡിലും മത്സരിക്കുന്നു. ഒന്നിൽ സ്വതന്ത്രനും മറ്റൊന്നിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വിമതനായും രംഗത്തുണ്ട്. മട്ടന്നൂർ പഞ്ചായത്ത് നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും മൂലമാണ് മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാത്തത്.
വോട്ട് ചെയ്യുന്നതിന് വേണ്ടി തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, എസ്എസ്എൽസി ബുക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Content Highlights – Mattannur municipality election, Today