ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്; വിവാഹ വാര്‍ത്ത പങ്കുവെച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്
നിപ ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിനിയും അധ്യാപികയുമായ പ്രതിഭയാണ് വധു. ഓഗസ്റ്റ് 29ന് ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് സജീഷ് കുറിച്ചു.
ലിനിയുടെ കുടുംബവും ഉള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഒരു മകളുണ്ട്. 2018 മെയ് മാസത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന ലിനി നിപ ബാധിച്ച് മരിച്ചത്. നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയാകുകയായിരുന്നു. മെയ് 21ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.