കെ സുരേന്ദ്രന്റെ മകന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ബന്ധുനിമയനമെന്ന് ആരോപണം
കേന്ദ്ര സര്‍ക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിൽ ബന്ധുനിമയനമെന്ന് ആരോപണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന് കെ.എസിനാണ് ഈ തസ്തികയില്‍ ലഭിച്ച നിയമനമാണ് വിവാദമായിരിക്കുന്നത്.
പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് പട്ടിക സംബന്ധിച്ചോ നിയമനം സംബന്ധിച്ചോ വിവരങ്ങള്‍ അന്വേഷിക്കുമ്പോൾ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്നാണ് പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ ആര്‍ജിസിബിയില്‍ നിയമനം നല്‍കിയിട്ടുണ്ട്. അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് നിയമനമെന്ന് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റര്‍ പ്രതികരിച്ചു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിദുരമുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്.
പരീക്ഷ നടപടികള്‍ മൂന്ന് ഘട്ടങ്ങളിലായി വേഗം പൂര്‍ത്തിയാക്കുകയായിരുന്നു. ലാബ് പരീക്ഷയ്ക്ക് പങ്കെടുത്ത നാല് പേരില്‍ നിയമനം ലഭിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന് കെ.എസിനാണ്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് ഹരികൃഷ്ണന് കെ.എസിനെ അയച്ചതായാണ് വിവരം. നിയമനം ലഭിക്കേണ്ട വ്യക്തിയുടെ യോഗ്യതയ്ക്കും ജാതിക്കും അനുസരിച്ച് പുതിയ തസ്തിക സൃഷ്ടിച്ചതും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്കാതിരിക്കുന്നതും ഹരികൃഷ്ണന് കെ.എസിന്റെ നിയമനത്തില്‍ സംശയം ഉണ്ടാക്കുന്നു. ശക്തമായ പ്രതിഷേധമാണ് നിയമനത്തിനെതിരെ ഉയര്‍ന്നുവരുന്നത്.
Content highlights – k surendran, allegation