വിഘ്നേശ് ശിവയുടെ ജന്മദിനത്തില് നയൻതാരയുടെ സര്‍പ്രൈസ്
തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്നേശ് ശിവന്റെ ഭാര്യയുമായ നയൻതാര സര്‍പ്രൈസ് ജന്മദിന സമ്മാനമാണ് നല്‍കിയത്. നയൻതാര തനിക്ക് നല്കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്നേശ് ശിവൻ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്.
സ്നേഹസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ള നിർമലമായ സ്നേഹം നിറഞ്ഞ ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം നല്കിയ സര്‍പ്രൈസ്, ബുർജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്നതുല്യമായ ജന്മദിനം. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളുമൊത്ത്. ദൈവത്തിന് നന്ദി പറയുന്നതായും വിഘ്നേശ് ശിവൻ കുറിച്ചു.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനികാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയായാണ് നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം നടന്നത്.