ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തണമെന്ന നിര്‍ദേശം തള്ളി കെസിബിസി; ഞായാറാഴ്ച അവധി
ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തണമെന്ന നിര്‍ദേശം തള്ളി കത്തോലിക്കാ സഭാ മെത്രാന് സമിതി. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധിയെന്ന് കെസിബിസി അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള പ്രവണത കൂടിവരുന്നു. ഇത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. കേരളസര്‍ക്കാരിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. ഞായറാഴ്ച നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ മറ്റേതെങ്കിലും ദിവസത്തേയ്ക്ക് മാറ്റണമെന്നും ബിജു ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടുള്ളതായാമ് കെസിബിസി പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.