ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതി മുത്തുകുമാര്‍ പിടിയില്‍
ചങ്ങനാശേരിയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ ആണ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത മുത്തുകുമാറിനെ ചങ്ങനാശേരി പോലീസിന് കൈമാറും. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ രണ്ടു പ്രതികള്‍ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ കേരളം വിട്ടതായാണ് സൂചന.
ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്ന ബിന്ദുകുമാറിന്റെ മൃതദേഹം മുത്തുകുമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പിന്നിലെ തറയില്‍ കുഴിച്ചിട്ട നിലയില്‍ ശനിയാഴ്ച കണ്ടെത്തിയിരുന്നു. നേരത്തേ ബിന്ദുമോന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മുത്തുകുമാറിന്റെ വീട്ടില്‍ എത്തി നിന്നത്. 29-ാം തിയതി ലഭിച്ച ഫോണ്‍ രേഖകളില്‍ നിന്ന് ബിന്ദുകുമാര്‍ 26-ാം തിയതി മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ അറിയില്ലെന്നായിരുന്നു മുത്തുകുമാറിന്റെ മറുപടി. വിശദമായ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.