ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ കുത്തിക്കയറി യുവാവ് മരിച്ചു
ബൈക്ക് ഇടിച്ചു വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒറ്റപ്പാലം സൗത്ത് പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണകുമാറിന്റെ മകന് കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവസ്ഥലത്തുതന്നെ ചത്തു.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറി.
കൃഷ്ണപ്രജിത്തിനെ ഉടന്‍ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.