ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി നെയ്യാർ ഡാമിൻ്റെ നാല് ഷട്ടറുകളും അരുവിക്കര ഡാമിൻ്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നത്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.













