എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമമെന്ന് പരാതിക്കാരി; വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപ
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമമെന്ന് പരാതിക്കാരി. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്. ഒത്തുതീര്‍പ്പിനായി നിരവധി പേര് ശ്രമിക്കുന്നുണ്ട്. 30 ലക്ഷം രൂപയാണ് എംഎല്‍എ വാഗ്ദാനം ചെയ്തത്. ഹണിട്രാപ്പില്‍ പെടുത്തുമെന്ന് എല്‍ദോസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി ആരോപിച്ചു.
കോവളത്ത് സൂയിസൈഡ് പോയിന്റില്‍ വെച്ച് സെപ്റ്റംബര്‍ 14നാണ് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചത്. കണ്ടുനിന്ന നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പോലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.
എല്‍ദോസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെ അകലാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി തന്നെ മര്‍ദ്ദിച്ചതായും യുവതി പറഞ്ഞു.
ഹണ്ി ട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിടാന്‍ തീരുമാനിച്ചത്. കന്യാകുമാരിയില്‍ വെച്ച് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എല്‍ദോസിനെതിരെ ലൈംഗികപീഡന പരാതിയുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി.